Saturday 2 May 2015

നിശാചാരികള്‍


അദ്ദുപ്പൂപ്പ കിഴക്കോട്ടും മുഹമ്മദലി പടിഞ്ഞാട്ടും നടന്നു. പുളിമരത്തിനു കീഴില്‍വെച്ച് അവര്‍ കണ്ടുമുട്ടാറുണ്ട്. പടച്ചോനുണ്ടോടാ? അദ്ദുപ്പുപ്പ ചോദിക്കും. ഉണ്ട് എന്ന് ദൃഢസ്വരത്തില്‍ മുഹമ്മദലി. എനിക്കിപ്പോള്‍ സംശയമാ എന്ന് പറഞ്ഞു് ഉപ്പൂപ്പ ചിന്താധീനനായി കിഴക്കോട്ടേക്ക് നടന്നുപോകും.

ദൈവത്തെ തേടി മുഹമ്മദലി പടിഞ്ഞാട്ടേക്ക് നടന്ന് വവ്വാലുകള്‍ തൂങ്ങിക്കിടന്ന ആഞ്ഞിലിമരത്തിന്‍ കീഴിലാണ് എത്തിയതെന്ന് വിജയന്‍ ഓര്‍ക്കുന്നു. ദിക്കുകള്‍ തെറ്റി ഇരുട്ടിലിരുന്ന് രാത്രിമുഴുക്കെ അയാള്‍ പ്രാണായാമം ചെയ്തു. പിന്നീട് തലക്ക് വെളിച്ചം വീണത് പി.എസ്.സി. പരീക്ഷ എഴുതിയപ്പോഴാണ്. പരീക്ഷാഹാളില്‍നിന്ന് പുറത്തുചാടാതിരിക്കാന്‍ വിജയന്‍ കാവല്‍നിന്നു.

അദ്ദുപ്പുപ്പ അപ്പോള്‍ ഓത്തുപള്ളിയില്‍ കുട്ടികളെ തല്ലുകയായിരുന്നു. ദാരിദ്ര്യവും ദൈവവുമൊത്തു് അദ്ദേഹം എപ്പോഴും ചിന്താധീനനായി ജീവിച്ചു. ഒരു മകന്‍ ഭ്രാന്തുപിടിച്ചു മരിച്ചു. മെയ്യാകെ തളര്‍ന്ന് വര്‍ഷങ്ങളോളം കിടന്നു് ഭാര്യ മരിച്ചു.

മുഹമ്മദലി നന്നായി പരീക്ഷ എഴുതി. വവ്വാലുകള്‍ പിന്നീട് തലകീഴായി കിടന്നിട്ടില്ല. രാത്രിയില്‍ വീട്ടിലെ കുളത്തില്‍ മുങ്ങാംകുഴിയിട്ട് നീന്തി, ആമയായി കരയില്‍ കയറി, തഞ്ചത്തില്‍ വാതില്‍ തുറന്ന് വെള്ളം തൂത്തുകളഞ്ഞതിനുശേഷമാണ് മുഹമ്മദലി റാഫി സാഹേബിന്റെ പാട്ടുകള്‍ പാടുക. ഇടയ്ക്ക് മാവോയുടെ പാട്ടുകളും പാടി.

അദ്ദുപ്പുപ്പ ഈണത്തില്‍ ആയത്തുകള്‍ ചൊല്ലി ഖുര്‍ആന്റെ വരികള്‍ക്കിടയില്‍ പടച്ചോനെ തിരഞ്ഞു. ഒരു രാത്രിയില്‍ അക്ഷരങ്ങള്‍ക്കിടയില്‍ മുഹമ്മദലി വവ്വാലിനെപ്പോലെ തലകീഴായി കിടക്കുന്നത് കണ്ടു് ഇബ്‌ലീസേ . . . എന്ന് വേദനയോടെ വിളിച്ചു.


എപ്പോഴാണ് അദ്ദുപ്പുപ്പ ഉറങ്ങിയതെന്നും എപ്പോഴാണ് മുഹമ്മദലി ഉണര്‍ന്നതെന്നും വിജയന്‍ അറിഞ്ഞില്ല. അയാള്‍ മുഹമ്മദലിയോടൊപ്പം പടിഞ്ഞാട്ടേക്ക് നടക്കുകയായിരുന്നു. ലോകം ഗാഢനിദ്രയിലായിരുന്നു. നിലാവ് ഭൂമിയാകെ വീണുകിടന്നിരുന്നു. തെങ്ങോലത്തലപ്പുകളുടെ നിഴലിലൂടെ രണ്ടു മനുഷ്യര്‍ നിശ്ശബ്ദം കടലിലേക്ക് നടന്നുപോയി.

No comments:

Post a Comment