Friday 1 May 2015

മുഹമ്മദലിപ്പക്ഷി

താഴ്‌വരയില്‍ പച്ചപ്പാടം. മലയുരുമ്മി കാര്‍മേഘങ്ങള്‍. മേഘത്തിനുള്ളില്‍ വെളുത്ത കൊറ്റി.

ബസ്സിലിരുന്ന് മുഹമ്മദലി അതുതന്നെ നോക്കിയിരുന്നു. ഇവിടമാണ് നിന്റെ ജീവിതം പച്ചപിടിപ്പിക്കേണ്ടതെന്ന് എന്നെ ഓര്‍മ്മിപ്പിച്ചു. എന്റേതു മാത്രമോ എന്നു ഞാന്‍ കലഹിച്ചു. വെള്ളകൊറ്റികള്‍ പറക്കുന്നതിലേക്കു് മുഹമ്മദലി മടങ്ങിപ്പോയി. വളവുതിരിഞ്ഞപ്പോള്‍ എല്ലാം അപ്രത്യക്ഷമായി. 

ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം എല്ലാ വളവുകളും തിരിച്ചുവരുന്നു. താഴ്‌വരയില്‍ മേഘങ്ങള്‍ താണുപറക്കാതായി. പാടങ്ങള്‍ നികന്നപ്പോള്‍ കൊറ്റികള്‍ വരാതായി.

മുഹമ്മദലി മാത്രം എപ്പോഴും എത്തുന്നു. അയാള്‍ വെള്ളക്കൊറ്റിയെപോലെ താഴ്‌വരയാകെ പറക്കുന്നു. എവിടെയാണ് ചേക്കേറുന്നതെന്ന് ചോദിക്കുമ്പോള്‍ മലമുകളിലേക്ക് തലതിരിച്ച് കള്ളക്കണ്ണിറുക്കുന്നു. ഞാനും വരട്ടേ എന്ന് വൃഥാ ചോദിക്കുമ്പോള്‍ ചിറകുവിരുത്തി അയാള്‍ അപ്രത്യക്ഷനാകുന്നു. ഏത് മലയുടെയപ്പുറത്തേക്ക്? ഏത് ഇടുക്കിലേക്ക്?

പച്ചപിടിച്ച ജീവിതത്തിലേക്ക് അരിയും പച്ചക്കറിയുമായി ഞാന്‍ മടങ്ങുന്നു.

മലമടക്കുകളിലേക്കുപോയ മുഹമ്മദലി തീയടങ്ങിയ കണ്ണുകളുമായി നക്ഷത്രങ്ങള്‍ പരതി. അവന്‍ കണ്ടത് പകലിന്റെയൊടുവില്‍ കണ്‍ചിമ്മാന്‍ തുടങ്ങിയ ആദ്യനക്ഷത്രത്തെയായിരുന്നു. പൂര്‍വ്വജന്മത്തിലെ ഒടുങ്ങാത്ത ഓര്‍മ്മകള്‍ ആ പക്ഷിയെ അകലെ നാട്ടിലേക്ക് പറത്തിക്കൊണ്ടുപോയി. ദുഃഖകരമാംവണ്ണം മൈതാനം നിര്‍ജ്ജനമായിരുന്നു. സിനിമാകൊട്ടക വര്‍ഷങ്ങള്‍ക്കുമുമ്പേ അടച്ചുപൂട്ടിയിരുന്നു. രാത്രിയേറെ ഇരുട്ടിയിട്ടും കടത്തിണ്ണയില്‍ രണ്ട് കൂട്ടുകാര്‍ മുഹമ്മദലിയുടെ ഓര്‍മ്മകളില്‍ നിശ്ശബ്ദരാകുന്നത് പക്ഷി കണ്ടു.

മലമടക്കിലേക്കവന്‍ തിരിച്ചുപോന്നു. നേര്‍ത്ത മഞ്ഞില്‍ ജീവന്റെ സങ്കടം അവനെ പൊതിഞ്ഞു. അന്നുരാത്രി പരുന്തിന്റെ വസ്ത്രവും തീക്ഷ്ണമായ കണ്ണുകളും എടുത്തണിഞ്ഞില്ല. വെള്ളക്കൊറ്റിയുടെ ശൂഭ്രത ധരിച്ച് ആകാശവിസ്തൃതിയില്‍ അവന്‍ പരിഹാസികളെ തിരഞ്ഞു. പണ്ട് മൈതാനത്തിന്റെ സന്ധ്യകളിലുണര്‍ന്ന അതേ കുഞ്ഞുനക്ഷത്രങ്ങള്‍` ഇന്ന് അറുതിയില്ലാത്ത ഏകാന്തതകളേയും നൊമ്പരങ്ങളേയും സഹനീയമാക്കിത്തീര്‍ക്കുന്നു.

ചുറ്റുംപൊതിയുന്ന തണുപ്പില്‍ പക്ഷി ഉറങ്ങാനായി തലചായ്‌ച്ചു.


2 comments:

  1. മരണത്തിൻ നിശ്വാസം തല്ലി കൊഴിച്ചിട്ട ഇലകൾ പരന്നൊരീ ഭൂമി

    ReplyDelete
  2. Marichupoyavaraarum manassil maayunnilla

    ...Bmechery

    ReplyDelete