Monday 25 May 2015

കാട്ടിലെ ജീവിതം

കരടിയുമായുള്ള മല്‍പ്പിടുത്തത്തില്‍ കോബിക്ക് വലിയ അപകടം സംഭവിച്ചേനെ. തക്കസമയത്ത് ശീതള്‍ ചാടിവീണതുകൊണ്ട് രക്ഷപ്പെട്ടു. കോബിയേയും താങ്ങി ശീതള്‍ ഗുഹയിലെത്തി. രണ്ടുനാള്‍ കോബി പുറത്തേക്കിറങ്ങിയതേയില്ല. ശീതള്‍ ഇരകളെപിടിക്കുകയും ഗുഹയില്‍ കൊണ്ടുവന്ന് തീകൂട്ടി പാകംചെയ്ത് കോബിയെ തീറ്റുകയും ചെയ്തു.

രാത്രി ഗുഹാമുഖത്താണ് തീകൂട്ടിയത്. മല്‍പ്പിടുത്തത്തിന്റെ ആഘാതത്തില്‍നിന്നും കോബി മുക്തനായി കഴിഞ്ഞിരുന്നില്ല. അവന്‍ മൂകനും ഭയചകിതനുമായി കാണപ്പെട്ടു. ശീതള്‍ ഇടക്കിടെ അവനെ ശാസിച്ചു. എടുത്തുചാട്ടങ്ങള്‍ അവസാനിക്കുന്നില്ലെന്നും ശ്രദ്ധിച്ചില്ലെങ്കില്‍ ഇനിയും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും അവള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. എതിര്‍ത്തു സംസാരിക്കാന്‍ കോബിയുടെ നാവുപൊങ്ങിയില്ല. ശരീരത്തിന്റെ വേദനയും ശീതളിന്റെ ശരങ്ങളും ഏറ്റ് അവന്‍ മൂഢനെപ്പോലെ  കിടന്നു.

തീ ജ്വലിച്ചുകൊണ്ടിരുന്നു. കോബിയുടെ നിഴല്‍ ഗുഹയ്ക്കകത്തെ ഭിത്തിമേല്‍ ഭീകരമായ ചിത്രം വരച്ചുകൊണ്ടിരുന്നു. തീക്കനലുകളില്‍ നിഴല്‍ കിടന്നിളകി. പ്ലേറ്റോയുടെ ഗുഹാവര്‍ണ്ണനയെക്കുറിച്ച് ശീതള്‍ ഓര്‍ത്തുപോയി. അത് കോബിയോട് വിശദീരിക്കുകയും ചെയ്തു. നാമൊക്കെ നിഴല്‍ കണ്ട് ലോകത്തെ അറിയാനും അളക്കാനും ശ്രമിക്കുകയാണെന്നും, നമ്മുടെ ചിന്തകള്‍ക്കും യാഥാര്‍ത്ഥ്യങ്ങള്‍ക്കും വലിയ പരിമിതിയുണ്ടെന്നും, എപ്പോള്‍ വേണമെങ്കിലും കരടികള്‍ വന്നെത്താമെന്നും, നാം നമ്മുടെ നിഴലിന്റെ വലിപ്പം കണ്ട് അതിശക്തമെന്ന് സങ്കല്പിച്ച് കരടികളെ വെല്ലുവിളിക്കുമെന്നും, ശരീരത്തിനു മാത്രമല്ല സങ്കല്പങ്ങള്‍ക്കും അങ്ങനെ മുറിവേല്‍ക്കാമെന്നും അവള്‍ ഉപദേശിച്ചുകൊണ്ടിരുന്നു. പ്ലേറ്റോയെ ഓര്‍ത്തെങ്കിലും നീ ഇനി ഏടാകൂടങ്ങളില്‍ചെന്ന് ചാടരുത് എന്ന് അവസാനം അവള്‍ പറഞ്ഞപ്പോള്‍ കോബിയ്ക്ക് സഹിക്കാനായില്ല. സകല ശക്തിയും സംഭരിച്ച് അവള്‍ വെച്ചുനീട്ടിയ മാനിറച്ചി തട്ടി ദൂരെക്കെറിഞ്ഞു.

ശീതള്‍ വേദനിച്ചു.

പിന്നീടവള്‍ ഒന്നും പറഞ്ഞില്ല. കോബി മുരണ്ടുകൊണ്ടിരുന്നു. തൊണ്ടക്കു വേദന കനത്തപ്പോള്‍ അവന്‍ അകത്തേക്ക് വലിഞ്ഞ് ശീതള്‍ ഒരുക്കിയിട്ടിരുന്ന പുല്‍മെത്തയില്‍ പോയിക്കിടന്നു. അവള്‍ അടുത്തുവന്നിരുന്ന് മുറിവുകള്‍ നക്കി. സുഖകരമായ ആലസ്യത്തിലേക്ക് കോബി ഊര്‍ന്നിറങ്ങി.

ഇങ്ങനെ മഹത്തായ പല സംഭവങ്ങളും അവരുടെ ജീവിതത്തിലുണ്ടായി. ഒരു കരടിക്കും അവരുടെ ആത്മബന്ധത്തെ തകര്‍ക്കാനായില്ല. പ്ലാറ്റോമാര്‍ കരടികളെപ്പോലെ ജീവിതത്തിലേക്ക് ഇടയ്ക്കിടെ കടന്നുവന്ന് ഈര്‍ഷ്യകളുടെ അലകളുതിര്‍ത്തിരുന്നെങ്കിലും അതൊന്നും രണ്ടുനാള്‍ നീണ്ടുനിന്നതുമില്ല.

ശാന്തവും സ്നേഹവും നിറഞ്ഞ നിമിഷങ്ങളില്‍ അവര്‍ മനുഷ്യരെക്കുറിച്ചോര്‍ത്ത് ദുഃഖിച്ചു.

ഘോരവനത്തില്‍ അവര്‍ സസുഖം ജീവിച്ചു. തപസ്സനുഷ്ഠിക്കുന്ന ചില മുനിമാരെ അവര്‍ ഇടക്കിടെ കണ്ടുമുട്ടി. ആശ്രമപ്രാന്തങ്ങളില്‍ ചുറ്റിപ്പറ്റി ശീതള്‍ ഉലാത്തുമ്പോള്‍ കോബി മുരണ്ടുകൊണ്ടു പറയും

അധികം നില്‍ക്കേണ്ട. പോകാം. പ്ലേറ്റോ പിടികൂടും.


Monday 18 May 2015

നീര്‍ച്ചാലുകള്‍

തോടിന്റെ അരികുപിടിച്ചുപോയാല്‍ എളുപ്പം എത്താമെന്ന് അയാള്‍ പറഞ്ഞു. സുഹൃത്ത് അതിന് എതിരായിരുന്നു. കാരണങ്ങള്‍ പലതായിരുന്നു. കൃത്യമായ ഒരു നടപ്പാതപോലും കാണാനില്ല. തോടുതന്നെ സ്ട്രെയ്റ്റ് ആയിട്ടല്ല പോകുന്നത്. കുറേചെല്ലുമ്പോള്‍ എതിര്‍ദിശയിലേക്ക് ഒഴുകിയെന്നുവരാം. നേരം അസ്തമിക്കാറാകുന്നു. കരയിലുള്ള പൊന്തക്കാടുകള്‍ തടസ്സങ്ങള്‍ സൃഷ്ടിക്കും. ധാരാളം വേലികളുമുണ്ട്. പലതും തോട്ടിലേക്ക് ഇറക്കിക്കെട്ടിയിരിക്കുന്നു. ദൂരം കൂടുതലാകാമെങ്കിലും നമുക്ക് ചെങ്കല്‍പ്പാതയിലൂടെ തന്നെപോകാം. തെറ്റിയാല്‍ ചോദിക്കാന്‍ വഴിയില്‍ ആരെങ്കിലും കാണും.

ശരിയായിരുന്നു. അയാള്‍ തോട്ടിലെ വരാല്‍ കുഞ്ഞുങ്ങളെത്തന്നെ നോക്കിനിന്നു. തള്ളയ്ക്കുചുറ്റും നൂറുണക്കിന് ചുവന്നമുത്തുകള്‍ തെന്നിത്തെന്നി കളിക്കുന്നു.

അധികം വെള്ളം തോട്ടിലുണ്ടായിരുന്നില്ല. വലിയ ആഴമോ വീതിയോ ഇല്ല. അടിയില്‍ ചെളിയില്ലെന്ന് തെളിമ കണ്ടാലറിയാം. ഇരുളു പരന്നു തുടങ്ങിയെങ്കിലും വെള്ളം തിളങ്ങിക്കൊണ്ട് അലസമായി ഒഴുകി.

ഇത്തരത്തിലുള്ള നീര്‍ച്ചാലുകള്‍ ഇപ്പോള്‍ വറ്റിപ്പോയിരിക്കുന്നു.

എന്തുകൊണ്ടും പ്രസന്നമായ ഒരു ദിവസത്തിന്റെ അവസാനമായിരുന്നു അത്. ദിവസം മുഴുവന്‍ അലഞ്ഞതിന്റെ ക്ഷീണംതീര്‍ക്കാന്‍ കൂട്ടുകാര്‍ തോട്ടിലിറങ്ങി. വരാല്‍ കുഞ്ഞുങ്ങളോടൊപ്പം അവര്‍ നീന്തി. സുഹൃത്ത് സങ്കല്‍പ്പിച്ചത്ര വളവുകളോ ദിശാവ്യതിയനങ്ങളോ ഉണ്ടായിരുന്നില്ല. ജലത്തിന്റെ നേര്‍ത്ത കുളിരില്‍ അവര്‍ ലക്ഷ്യസ്ഥാനത്തേക്ക് ഒഴുകിപ്പോയി.

കടവിലെത്തുമ്പോള്‍ ഇരുട്ടു പരന്നിരുന്നു. നക്ഷത്രങ്ങള്‍ തെളിഞ്ഞു കത്തി. ചന്ദ്രനുദിക്കാന്‍ ഇനിയും നേരമുണ്ട്. ആളൊഴിഞ്ഞ കടവില്‍ പ്രൊഫസര്‍ എം.എന്‍. വിജയന്‍ തനിച്ചിരിക്കുന്നുണ്ടായിരുന്നു. അരികില്‍ തെളിനീര്‍ നിറച്ച കുടവുമുണ്ട്. പരസ്പരം കണ്ടപ്പോള്‍ ഇരുകൂട്ടരും ഉഷാറായി. സംസാരിച്ച് പിരിയുമ്പോള്‍ വല്ലാതെ ഇരുട്ടി. കുടം വീടുവരെ എത്തിക്കാമെന്ന് അവര്‍ സാദരം പറഞ്ഞു. മാഷ് ചിരിച്ചു.

അതേ ചിരി.

ചൂട്ടുകത്തിച്ച് കുടവുമേന്തി ഇരുളില്‍ അദ്ദേഹം മറഞ്ഞു. ചന്ദ്രനുദിക്കുന്നതും കാത്ത് കടവില്‍ കൂട്ടുകാര്‍ തനിച്ചിരുന്നു. തോട്ടിലെ വെള്ളത്തില്‍ നക്ഷത്രത്തരികള്‍ വീണ് ചിതറി. നേരം വെളുക്കുമ്പോള്‍ അവ ചുവന്ന വരാല്‍ കുഞ്ഞുങ്ങളായിത്തീരുമെന്ന് അവര്‍ ആശിച്ചു.


Saturday 2 May 2015

നിശാചാരികള്‍


അദ്ദുപ്പൂപ്പ കിഴക്കോട്ടും മുഹമ്മദലി പടിഞ്ഞാട്ടും നടന്നു. പുളിമരത്തിനു കീഴില്‍വെച്ച് അവര്‍ കണ്ടുമുട്ടാറുണ്ട്. പടച്ചോനുണ്ടോടാ? അദ്ദുപ്പുപ്പ ചോദിക്കും. ഉണ്ട് എന്ന് ദൃഢസ്വരത്തില്‍ മുഹമ്മദലി. എനിക്കിപ്പോള്‍ സംശയമാ എന്ന് പറഞ്ഞു് ഉപ്പൂപ്പ ചിന്താധീനനായി കിഴക്കോട്ടേക്ക് നടന്നുപോകും.

ദൈവത്തെ തേടി മുഹമ്മദലി പടിഞ്ഞാട്ടേക്ക് നടന്ന് വവ്വാലുകള്‍ തൂങ്ങിക്കിടന്ന ആഞ്ഞിലിമരത്തിന്‍ കീഴിലാണ് എത്തിയതെന്ന് വിജയന്‍ ഓര്‍ക്കുന്നു. ദിക്കുകള്‍ തെറ്റി ഇരുട്ടിലിരുന്ന് രാത്രിമുഴുക്കെ അയാള്‍ പ്രാണായാമം ചെയ്തു. പിന്നീട് തലക്ക് വെളിച്ചം വീണത് പി.എസ്.സി. പരീക്ഷ എഴുതിയപ്പോഴാണ്. പരീക്ഷാഹാളില്‍നിന്ന് പുറത്തുചാടാതിരിക്കാന്‍ വിജയന്‍ കാവല്‍നിന്നു.

അദ്ദുപ്പുപ്പ അപ്പോള്‍ ഓത്തുപള്ളിയില്‍ കുട്ടികളെ തല്ലുകയായിരുന്നു. ദാരിദ്ര്യവും ദൈവവുമൊത്തു് അദ്ദേഹം എപ്പോഴും ചിന്താധീനനായി ജീവിച്ചു. ഒരു മകന്‍ ഭ്രാന്തുപിടിച്ചു മരിച്ചു. മെയ്യാകെ തളര്‍ന്ന് വര്‍ഷങ്ങളോളം കിടന്നു് ഭാര്യ മരിച്ചു.

മുഹമ്മദലി നന്നായി പരീക്ഷ എഴുതി. വവ്വാലുകള്‍ പിന്നീട് തലകീഴായി കിടന്നിട്ടില്ല. രാത്രിയില്‍ വീട്ടിലെ കുളത്തില്‍ മുങ്ങാംകുഴിയിട്ട് നീന്തി, ആമയായി കരയില്‍ കയറി, തഞ്ചത്തില്‍ വാതില്‍ തുറന്ന് വെള്ളം തൂത്തുകളഞ്ഞതിനുശേഷമാണ് മുഹമ്മദലി റാഫി സാഹേബിന്റെ പാട്ടുകള്‍ പാടുക. ഇടയ്ക്ക് മാവോയുടെ പാട്ടുകളും പാടി.

അദ്ദുപ്പുപ്പ ഈണത്തില്‍ ആയത്തുകള്‍ ചൊല്ലി ഖുര്‍ആന്റെ വരികള്‍ക്കിടയില്‍ പടച്ചോനെ തിരഞ്ഞു. ഒരു രാത്രിയില്‍ അക്ഷരങ്ങള്‍ക്കിടയില്‍ മുഹമ്മദലി വവ്വാലിനെപ്പോലെ തലകീഴായി കിടക്കുന്നത് കണ്ടു് ഇബ്‌ലീസേ . . . എന്ന് വേദനയോടെ വിളിച്ചു.


എപ്പോഴാണ് അദ്ദുപ്പുപ്പ ഉറങ്ങിയതെന്നും എപ്പോഴാണ് മുഹമ്മദലി ഉണര്‍ന്നതെന്നും വിജയന്‍ അറിഞ്ഞില്ല. അയാള്‍ മുഹമ്മദലിയോടൊപ്പം പടിഞ്ഞാട്ടേക്ക് നടക്കുകയായിരുന്നു. ലോകം ഗാഢനിദ്രയിലായിരുന്നു. നിലാവ് ഭൂമിയാകെ വീണുകിടന്നിരുന്നു. തെങ്ങോലത്തലപ്പുകളുടെ നിഴലിലൂടെ രണ്ടു മനുഷ്യര്‍ നിശ്ശബ്ദം കടലിലേക്ക് നടന്നുപോയി.

Friday 1 May 2015

മുഹമ്മദലിപ്പക്ഷി

താഴ്‌വരയില്‍ പച്ചപ്പാടം. മലയുരുമ്മി കാര്‍മേഘങ്ങള്‍. മേഘത്തിനുള്ളില്‍ വെളുത്ത കൊറ്റി.

ബസ്സിലിരുന്ന് മുഹമ്മദലി അതുതന്നെ നോക്കിയിരുന്നു. ഇവിടമാണ് നിന്റെ ജീവിതം പച്ചപിടിപ്പിക്കേണ്ടതെന്ന് എന്നെ ഓര്‍മ്മിപ്പിച്ചു. എന്റേതു മാത്രമോ എന്നു ഞാന്‍ കലഹിച്ചു. വെള്ളകൊറ്റികള്‍ പറക്കുന്നതിലേക്കു് മുഹമ്മദലി മടങ്ങിപ്പോയി. വളവുതിരിഞ്ഞപ്പോള്‍ എല്ലാം അപ്രത്യക്ഷമായി. 

ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം എല്ലാ വളവുകളും തിരിച്ചുവരുന്നു. താഴ്‌വരയില്‍ മേഘങ്ങള്‍ താണുപറക്കാതായി. പാടങ്ങള്‍ നികന്നപ്പോള്‍ കൊറ്റികള്‍ വരാതായി.

മുഹമ്മദലി മാത്രം എപ്പോഴും എത്തുന്നു. അയാള്‍ വെള്ളക്കൊറ്റിയെപോലെ താഴ്‌വരയാകെ പറക്കുന്നു. എവിടെയാണ് ചേക്കേറുന്നതെന്ന് ചോദിക്കുമ്പോള്‍ മലമുകളിലേക്ക് തലതിരിച്ച് കള്ളക്കണ്ണിറുക്കുന്നു. ഞാനും വരട്ടേ എന്ന് വൃഥാ ചോദിക്കുമ്പോള്‍ ചിറകുവിരുത്തി അയാള്‍ അപ്രത്യക്ഷനാകുന്നു. ഏത് മലയുടെയപ്പുറത്തേക്ക്? ഏത് ഇടുക്കിലേക്ക്?

പച്ചപിടിച്ച ജീവിതത്തിലേക്ക് അരിയും പച്ചക്കറിയുമായി ഞാന്‍ മടങ്ങുന്നു.

മലമടക്കുകളിലേക്കുപോയ മുഹമ്മദലി തീയടങ്ങിയ കണ്ണുകളുമായി നക്ഷത്രങ്ങള്‍ പരതി. അവന്‍ കണ്ടത് പകലിന്റെയൊടുവില്‍ കണ്‍ചിമ്മാന്‍ തുടങ്ങിയ ആദ്യനക്ഷത്രത്തെയായിരുന്നു. പൂര്‍വ്വജന്മത്തിലെ ഒടുങ്ങാത്ത ഓര്‍മ്മകള്‍ ആ പക്ഷിയെ അകലെ നാട്ടിലേക്ക് പറത്തിക്കൊണ്ടുപോയി. ദുഃഖകരമാംവണ്ണം മൈതാനം നിര്‍ജ്ജനമായിരുന്നു. സിനിമാകൊട്ടക വര്‍ഷങ്ങള്‍ക്കുമുമ്പേ അടച്ചുപൂട്ടിയിരുന്നു. രാത്രിയേറെ ഇരുട്ടിയിട്ടും കടത്തിണ്ണയില്‍ രണ്ട് കൂട്ടുകാര്‍ മുഹമ്മദലിയുടെ ഓര്‍മ്മകളില്‍ നിശ്ശബ്ദരാകുന്നത് പക്ഷി കണ്ടു.

മലമടക്കിലേക്കവന്‍ തിരിച്ചുപോന്നു. നേര്‍ത്ത മഞ്ഞില്‍ ജീവന്റെ സങ്കടം അവനെ പൊതിഞ്ഞു. അന്നുരാത്രി പരുന്തിന്റെ വസ്ത്രവും തീക്ഷ്ണമായ കണ്ണുകളും എടുത്തണിഞ്ഞില്ല. വെള്ളക്കൊറ്റിയുടെ ശൂഭ്രത ധരിച്ച് ആകാശവിസ്തൃതിയില്‍ അവന്‍ പരിഹാസികളെ തിരഞ്ഞു. പണ്ട് മൈതാനത്തിന്റെ സന്ധ്യകളിലുണര്‍ന്ന അതേ കുഞ്ഞുനക്ഷത്രങ്ങള്‍` ഇന്ന് അറുതിയില്ലാത്ത ഏകാന്തതകളേയും നൊമ്പരങ്ങളേയും സഹനീയമാക്കിത്തീര്‍ക്കുന്നു.

ചുറ്റുംപൊതിയുന്ന തണുപ്പില്‍ പക്ഷി ഉറങ്ങാനായി തലചായ്‌ച്ചു.