Sunday 26 April 2015

Cold Coffee

മുഹമ്മദലി കോള്‍ഡ് കോഫി ഓര്‍ഡര്‍ ചെയ്തു. 

സഹപാഠികള്‍ക്ക് അത് പുത്തന്‍ അനുഭവമായിരുന്നു. നന്നേ രസിച്ച് മൊത്തിക്കുടിച്ച് അവര്‍ മുഹമ്മദലിക്ക് ബലേ ഭേഷ് പറഞ്ഞു. അതുകഴിഞ്ഞ് അവര്‍ ജെയിംസ് ബോണ്ട് സിനിമ കാണാന്‍ പോയി. അതും കഴിഞ്ഞ് മുഹമ്മദലി വിപ്ലവത്തിലേക്ക് പോയി. 

മുപ്പത്തഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം മുഹമ്മദലി മരിച്ചുകഴിഞ്ഞ് ഇതൊക്കെ മോഹനന്‍ തന്റെ  ദീര്‍ഘമായ ഓര്‍മ്മക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്. ഊഷരമായ കോളേജ് കാമ്പസ്സിലെ ഒറ്റപ്പെട്ട ഒരു മരത്തെക്കുറിച്ച് മോഹനന്‍ ഗൃഹാതുരതയോടെ ഓര്‍മ്മിച്ചു. 

അടിയന്തിരാവസ്ഥക്ക് രണ്ടുവര്‍ഷം മുമ്പ്, ഒളിവില്‍ പോകുന്നതിനും മുമ്പാണു്, ഒരു ദിവസം വൈകുന്നേരം കബീര്‍ അലി മുങ്ങിമരിച്ച വിവരം നാട്ടില്‍ പടര്‍ന്നു. കോള്‍ഡ് കോഫീ  സംഘത്തിലെ അംഗമായിരുന്നു അവന്‍. നാട്ടിലെ ഭൂവുടമയുടെ ഏകമകന്‍. മുഹമ്മദലി പഠിപ്പുപേക്ഷിച്ച് വിപ്ലവം തുടങ്ങിക്കഴിഞ്ഞിരുന്നു. കബീര്‍ മെഡിസിനു ചേരാന്‍ തയ്യാറെടുത്ത വേനലവധിക്കാലം. അവന്‍ അതിവിശാലമായ വീട്ടുപറമ്പിലെ തടാകംപോലെയുള്ള കുളത്തില്‍ തിമിര്‍ത്ത് ഉല്ലസിച്ചു്  ആഴങ്ങളിലേക്ക് ഊളിയിട്ട് ചളിയില്‍ പുതഞ്ഞുപോയി. 

അവനെ അവസാനമായി കാണാന്‍ മുഹമ്മദലിയും പോയിരുന്നു. നീ ഞങ്ങളുടെ ഹിറ്റ് ലിസ്റ്റില്‍ ഉണ്ട് എന്ന് മുഹമ്മദലി പറയുമ്പോള്‍ , വാടാ, നമുക്കൊരു കോള്‍ഡ് കോഫി കുടിക്കാം  എന്ന്  കബീര്‍ പറയുമായിരുന്നത് മുഹമ്മദലി വ്യസനത്തോടെ ഓര്‍ത്തു. 

മുപ്പതുവര്‍ഷങ്ങള്‍ക്കുശേഷം മുഹമ്മദലി മുങ്ങിമരിച്ചത് ആഴമോ പരപ്പോ ഇല്ലാത്ത ഒരു ചെറിയ കുളത്തിലായിരുന്നു. അതുകഴിഞ്ഞ് അഞ്ചുവര്‍ഷം കഴിഞ്ഞാണ് മോഹനന്‍ കോള്‍ഡ് കോഫിയെ  കുറിച്ച് എഴുതിയത്.