Wednesday 23 February 2011

അയഥാര്‍ത്ഥങ്ങള്‍

രാത്രി കുട്ടു കരയുന്നതു കേട്ടു. മുറ്റത്തു് ഇരുട്ടിലിറങ്ങി ഞാനവനെ വിളിച്ചു. 
മഞ്ഞുപെയ്യുന്നു. കാട്ടില്‍ നിലാവു് നിഴലുപോലെ.

നേരം വെളുത്തിട്ടും അവന്‍ വന്നില്ല. പകലും കണ്ടില്ല, രാത്രിയും വന്നില്ല. അവനങ്ങനെയാണ്. ഒരുനാള്‍ അപ്രത്യക്ഷനായി രണ്ടുമൂന്നാഴ്ച കഴിയുമ്പോള്‍, പ്രതീക്ഷകള്‍ മങ്ങവേ അവനെത്തും.

ഭാര്യ വല്ലാതെ ഉല്‍ക്കണ്ഠപ്പെട്ടു. അവര്‍ ഇതിലേ നടപ്പുണ്ട്, അവള്‍ ഭയത്തോടെ പറഞ്ഞു. ഞാന്‍ ആശ്വസിപ്പിച്ചു. പകല്‍ നാമില്ലാത്തപ്പോള്‍ അവന്‍ പതുങ്ങിവരുന്നുണ്ടാകും. രാത്രി നാമുറങ്ങുമ്പോഴും. കുട്ടു ഒരു പാവത്താന്‍, അവള്‍ നെടുവീര്‍പ്പിട്ടു.

അര്‍ദ്ധരാത്രിയില്‍ ഞാനെഴുന്നേറ്റ് കാട്ടില്‍ നിഴലനങ്ങുന്നുണ്ടോ എന്നു് നോക്കി. നേര്‍ത്ത മഞ്ഞില്‍ കരിയിലകളുടെ ശബ്ദത്തിനായി കാതോര്‍ത്തു. പ്രപഞ്ചം നിശ്ശബ്ദമായി ഉറങ്ങുന്നു.

ആരോടും ഒന്നും മിണ്ടാതെ പകല്‍ മുഴുവന്‍ മകള്‍ നടന്നു. പിന്നാമ്പുറത്തെ കുറ്റിക്കാട്ടില്‍ അവളുടെ കണ്ണുകള്‍ പരതുന്നതു് നിശ്ശബ്ദം ഞാന്‍ വീക്ഷിച്ചു. ഇടയ്ക്കു് അവള്‍ ചൂളം കുത്തി. അതുകേട്ടു് കുട്ടൂ, കുട്ടൂ എന്നു് ഭാര്യ ഉറക്കെ വിളിക്കാന്‍ തുടങ്ങി.
 
അവന്‍ ഇനി വരില്ലെന്നു് എന്റെ മനസ്സു് മന്ത്രിച്ചു.

കുറ്റിക്കാടുകള്‍ അനങ്ങി, മിന്നായംപോലെ ചാടിവന്നു്, നമ്മെ വിളിച്ചുണര്‍ത്തി, നമ്മോടൊപ്പം കഥകള്‍ പറഞ്ഞും കേട്ടും, ഒരു നേരത്തെ ആഹാരം കഴിച്ചു്, ആഹ്ലാദത്തോടെ വീണ്ടും കാട്ടിലേയ്ക്കു്..... എന്നൊക്കെയാണു് നമ്മുടെ ആഗ്രഹങ്ങള്‍. അവര്‍ കാട്ടില്‍ പതുങ്ങിയിരിക്കുന്നു എന്നത് നമ്മുടെ സങ്കല്പങ്ങളാകാം. കാട്ടിലെ നിലാവു് പലപ്പോഴും മായികമായി തോന്നുന്നു. മഞ്ഞില്‍ കുതിര്‍ന്ന കരിയിലകളുടെ ശബ്ദവും തോന്നലുകളാകാം.

കുട്ടു പിന്നീടു് വന്നില്ല.