Wednesday, 23 February 2011

അയഥാര്‍ത്ഥങ്ങള്‍

രാത്രി കുട്ടു കരയുന്നതു കേട്ടു. മുറ്റത്തു് ഇരുട്ടിലിറങ്ങി ഞാനവനെ വിളിച്ചു. 
മഞ്ഞുപെയ്യുന്നു. കാട്ടില്‍ നിലാവു് നിഴലുപോലെ.

നേരം വെളുത്തിട്ടും അവന്‍ വന്നില്ല. പകലും കണ്ടില്ല, രാത്രിയും വന്നില്ല. അവനങ്ങനെയാണ്. ഒരുനാള്‍ അപ്രത്യക്ഷനായി രണ്ടുമൂന്നാഴ്ച കഴിയുമ്പോള്‍, പ്രതീക്ഷകള്‍ മങ്ങവേ അവനെത്തും.

ഭാര്യ വല്ലാതെ ഉല്‍ക്കണ്ഠപ്പെട്ടു. അവര്‍ ഇതിലേ നടപ്പുണ്ട്, അവള്‍ ഭയത്തോടെ പറഞ്ഞു. ഞാന്‍ ആശ്വസിപ്പിച്ചു. പകല്‍ നാമില്ലാത്തപ്പോള്‍ അവന്‍ പതുങ്ങിവരുന്നുണ്ടാകും. രാത്രി നാമുറങ്ങുമ്പോഴും. കുട്ടു ഒരു പാവത്താന്‍, അവള്‍ നെടുവീര്‍പ്പിട്ടു.

അര്‍ദ്ധരാത്രിയില്‍ ഞാനെഴുന്നേറ്റ് കാട്ടില്‍ നിഴലനങ്ങുന്നുണ്ടോ എന്നു് നോക്കി. നേര്‍ത്ത മഞ്ഞില്‍ കരിയിലകളുടെ ശബ്ദത്തിനായി കാതോര്‍ത്തു. പ്രപഞ്ചം നിശ്ശബ്ദമായി ഉറങ്ങുന്നു.

ആരോടും ഒന്നും മിണ്ടാതെ പകല്‍ മുഴുവന്‍ മകള്‍ നടന്നു. പിന്നാമ്പുറത്തെ കുറ്റിക്കാട്ടില്‍ അവളുടെ കണ്ണുകള്‍ പരതുന്നതു് നിശ്ശബ്ദം ഞാന്‍ വീക്ഷിച്ചു. ഇടയ്ക്കു് അവള്‍ ചൂളം കുത്തി. അതുകേട്ടു് കുട്ടൂ, കുട്ടൂ എന്നു് ഭാര്യ ഉറക്കെ വിളിക്കാന്‍ തുടങ്ങി.
 
അവന്‍ ഇനി വരില്ലെന്നു് എന്റെ മനസ്സു് മന്ത്രിച്ചു.

കുറ്റിക്കാടുകള്‍ അനങ്ങി, മിന്നായംപോലെ ചാടിവന്നു്, നമ്മെ വിളിച്ചുണര്‍ത്തി, നമ്മോടൊപ്പം കഥകള്‍ പറഞ്ഞും കേട്ടും, ഒരു നേരത്തെ ആഹാരം കഴിച്ചു്, ആഹ്ലാദത്തോടെ വീണ്ടും കാട്ടിലേയ്ക്കു്..... എന്നൊക്കെയാണു് നമ്മുടെ ആഗ്രഹങ്ങള്‍. അവര്‍ കാട്ടില്‍ പതുങ്ങിയിരിക്കുന്നു എന്നത് നമ്മുടെ സങ്കല്പങ്ങളാകാം. കാട്ടിലെ നിലാവു് പലപ്പോഴും മായികമായി തോന്നുന്നു. മഞ്ഞില്‍ കുതിര്‍ന്ന കരിയിലകളുടെ ശബ്ദവും തോന്നലുകളാകാം.

കുട്ടു പിന്നീടു് വന്നില്ല.


4 comments:

 1. സാർ

  എഡിറ്റ് ചെയ്യണമെന്ന് തോന്നുന്ന ഭാഗം ഓരോരുത്തരും ഇവിടെ കമന്റായി സൂചിപ്പിച്ചാൽ പോരേ ? എന്നിട്ടതിൽ ഉചിതമെന്ന് തോന്നുന്നത് മാത്രം എടുത്ത് സാർ തന്നെ ആദ്യത്തെ പോസ്റ്റിനെ എഡിറ്റ് ചെയ്ത് ഫൈനൽ രൂപത്തിൽ പ്രദർശിപ്പിക്കുന്നു. വേണമെങ്കിൽ അക്കൂട്ടത്തിൽ ലേഖനത്തിന്റെ ആദ്യരൂപവും പ്രദർശിപ്പിക്കുകയാവാം. ഓരോരുത്തരും നിർദ്ദേശിച്ച തിരുത്തുകൾ കമന്റ് രൂപത്തിൽ ഇവിടെ കിടക്കുകയും ചെയ്യും. ചുരുക്കി പറഞ്ഞാൽ ലേഖനത്തിന്റെ തുടക്കം മുതലുള്ള എല്ലാ വ്യത്യാസങ്ങളും മനസ്സിലാക്കാൻ ഉതകുകയും, ആരൊക്കെ എന്തൊക്കെ തിരുത്തുകളാണ് നിർദ്ദേശിച്ചതെന്ന് മനസ്സില്ലാക്കാൻ ആവുകയും ചെയ്യും.

  ReplyDelete
 2. ഹുസൈന്‍24 February 2011 at 07:50

  കമന്റു ചെയ്യുന്ന ശീലത്തിനപ്പുറം രചനാപ്രക്രിയയില്‍ പങ്കുചേരുന്നതു് മിക്കവര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. ശരിയാണോ എന്നൊരു തോന്നല്‍ വ്യാപകമായി ഉണ്ടാകാം. വായനക്കാരില്‍ പലരും മികച്ച നിര്‍ദ്ദേശകരായിരിക്കും എന്നാണെന്റെ ബോദ്ധ്യം. കഥകളും പാട്ടുകളും കൂട്ടായി മെനഞ്ഞെടുക്കുന്ന സര്‍ഗ്ഗപ്രക്രിയയുടെ ഒരു കാലം എല്ലാ ജനതയ്ക്കും ഉണ്ടായിരുന്നു. ഫോക്‍ലോറായി ശേഷിപ്പുകള്‍ ഇന്നും നിലനില്‍ക്കുന്നു. സൈബര്‍സ്പേസില്‍ ഇത്തരം കൂട്ടായ്മ പരീക്ഷിക്കപ്പെടണം. രചനയുടെ സ്വകാര്യതയ്ക്കും പവിത്രതയ്ക്കും നേരെയുള്ള ആക്രമണമായി ഇതു് വിമര്‍ശിക്കപ്പെടാം. രീതിശാസ്ത്രവും ക്രമത്തില്‍ രൂപപ്പെടേണ്ടതുണ്ടു്. നിരക്ഷരന്‍ നിര്‍ദ്ദേശിച്ചതുപോലെ തുടങ്ങാം.

  ReplyDelete
 3. njan yathrayil aanu malayalam lipi ee lap topil illa...naattil ethiyittu malayalathul ezhutham..kazhiyunnathum malayalam thanne upayogikkan ellavarum shramikkanam ennu mathram paranju vekkunnu...

  ReplyDelete
 4. സമാനമായ വ്യഥയോടെയാണ് ഇപ്പോള്‍ ഫേസ് ബുക്ക് തുറന്നിരിക്കുന്നത്. ഇന്നലെ വൈകീട്ട് പതിവ് തെറ്റിച്ച് എന്റെ മോനു വന്നിട്ടില്ല. ഇന്നു രാവിലെ പ്രതീക്ഷിച്ചു. ഇപ്പോള്‍ സമയം 6.30. ഫേസ് ബുക്ക് തുറന്നപ്പോള്‍ മുകളില്‍ ഒന്നമതായി 'അയഥാര്‍ത്ഥങ്ങള്‍ '
  അവന്റെ അമ്മയും അഞ്ചു ദിവസം മുന്‍പാണ് ദുരൂഹമായി ക്ലാസ്സുമുറിയില്‍ ചത്തുകിടക്കുന്നത് കുട്ടികള്‍ കണ്ടത്. അങ്ങിനെ വല്ലതും എന്റെ മോനുവിന് ......
  ഫേസ് ബുക്ക് തുറക്കുന്നതിന് മുന്‍പ് പത്രത്തില്‍ "വീട്ടമ്മയുടെ മരണം പുറം ലോകമറിഞ്ഞത് ഒന്നര മാസത്തിന് ശേഷം" എന്ന വാര്‍ത്ത, പിന്നെ 'അയാഥാര്‍ത്ഥങ്ങള്‍ '... യാഥാര്‍ത്ഥ്യമാകരുതേ.....

  ReplyDelete