Tuesday 2 June 2015

തണുപ്പ്




ഇന്ദ്‌സുസൂക്കി അന്ന് ബാംഗ്ലൂരിലെ തെരുവുകളില്‍ പോലും സുലഭമായിരുന്നില്ല. രാത്രിയിലെ നഗരത്തണുപ്പില്‍ അജിത് പ്രിയപ്പെട്ട മോട്ടോര്‍ സൈക്കിളില്‍ അലക്ഷ്യമായി ചുറ്റിക്കറങ്ങി.

അന്ന് ബാംഗ്ലൂരില്‍ കമ്പ്യൂട്ടറുകളും സുലഭമായിരുന്നില്ല. മൗസുകളില്ലാത്ത കാലം. ജാലകങ്ങള്‍ തുറക്കാന്‍ ഇനിയും ഏറെ വര്‍ഷങ്ങള്‍ കഴിയണം. കറുത്ത സ്ക്രീനില്‍ വെളുത്ത അക്ഷരങ്ങളായിരുന്നു അന്ന്. പകല്‍ മുഴുവന്‍ കമ്പ്യൂട്ടറിനു മുന്നില്‍ അവന്‍ കുത്തിയിരുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം അവനെ കണ്ടുമുട്ടുമ്പോള്‍ ഒരുമിച്ചു പഠിച്ചതിന്റെ എല്ലാ ഓര്‍മ്മകളും അവന്റെ ആശ്ലേഷത്തിലുണ്ടായിരുന്നു. രാത്രി അജിത് ബാംഗ്ലൂരിലെ നേരിയ തണുപ്പിലൂടെ എന്നെ ഇന്ദ്‌സുസുക്കിയുടെ പുറകിലിരുത്തി പാഞ്ഞു. ചിക്കന്‍ കബാബ് വാങ്ങിത്തന്നു. പിരിയുംവരെ അങ്ങനെ ചിക്കന്‍ കബാബുകളുടെ രാത്രികളുണ്ടായി.

പിന്നീടവനെ കണ്ടിട്ടില്ല. ബാംഗ്ലൂര്‍ വിട്ട് ഡല്‍ഹിയിലെ കോര്‍പ്പറേറ്റ് ലോകത്തില്‍ ചേക്കേറി എന്ന് ഞാന്‍ അറിഞ്ഞിരുന്നു. ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം അവന്‍ ഇന്നലെ മരിച്ചു. കടുത്ത ഹൃദയാഘാതത്തില്‍ പെട്ടെന്നായിരുന്നു എന്ന് സെലീന പറഞ്ഞു. ഭാര്യയും കോളേജില്‍ പഠിക്കുന്ന മകനും നഗരത്തില്‍ തനിച്ചായി.

ആദ്യ അറ്റാക്ക് വന്നതിനു ശേഷം അവന്‍ മോട്ടോര്‍ സൈക്കിളില്‍ രാത്രി കറക്കം അവസാനിപ്പിച്ചിരുന്നു ഇടയ്ക്ക് കറങ്ങാന്‍ വല്ലാത്ത ആഗ്രഹം തോന്നുമ്പോള്‍ ഭാര്യ തുറിച്ചുനോക്കി. സുന്ദരിയുടെ മുമ്പില്‍ അവന്‍ അനുസരണയുള്ളവനായി. കമ്പ്യൂട്ടര്‍ അവന്‍ തൊട്ടതേയില്ല. എന്നന്നേക്കുമായി അവനത് മകന് കൊടുത്തു.

വിന്‍ഡോസ് തുറന്ന് ഇരുട്ടും നോക്കി ഏറെയിരുട്ടുംവരെ അവന്‍ ടെറസ്സില്‍ തനിച്ചിരുന്നു. മകന്റെ പഠനത്തില്‍ അവന്‍ സജീവപങ്കാളിയായില്ല. അച്ചിട്ടപോലെ അച്ഛന്റെ പകര്‍പ്പ് എന്നാണ് സലീന പറഞ്ഞത്. ആള്‍ക്കൂട്ടത്തില്‍ അവനെ കണ്ടാല്‍ അജിത്തേ എന്ന് നാം ഉറക്കെ വിളിച്ചുപോകും എന്നും പറഞ്ഞു.

ഭാര്യ അടുക്കളയിലായിരുന്നു. മകന്‍ പഠിപ്പിലായിരുന്നു. അജിത് നിശബ്ദനായി പുറത്തിറങ്ങി. ഒരു കിലോഗ്രാം ഐസ്ക്രീം വാങ്ങി വേഗം തന്നെ മടങ്ങിവന്നു. ഭാര്യ അപ്പോഴും അടുക്കളയില്‍ത്തന്നെ. അജിത് സുന്ദരിയുടെ പിറകില്‍ ചെന്ന് മൃദുവായി സ്പര്‍ശിച്ചു. അവള്‍ കോരിത്തരിച്ചു. വലിയ ഐസ്ക്രീം പാക്കറ്റ് കണ്ട് അവള്‍ അതിശയിച്ചു. ഇതിലൊരു പങ്ക് നിനക്കില്ല. മോനുമില്ല. അജിത് ദത്തശ്രദ്ധനായത് നുണയാനാരംഭിച്ചു. മകന്‍ അതു കണ്ട് നില്പായി.

അടുക്കളയിലെ ഇളംചൂടില്‍ ഐസ്ക്രീം വേഗം ഉരുകി. നഗരത്തിന്റെ ഹൃദയധമനികളിലേക്ക് തണുപ്പ് അതിവേഗം ഒലിച്ചിറങ്ങി. കറുത്ത സ്ക്രീനില്‍ വെളുത്ത അക്ഷരങ്ങള്‍ തെളിഞ്ഞു. ഇന്ദ്‌സുസുക്കിയിലിരുന്ന് ചിക്കന്‍ കബാബ് തേടി വിജനരാത്രിയിലൂടെ അജിത് യാത്രയായി.

(സ്പന്ദനം 2015 May, 1(7), Page 59)


1 comment:

  1. എഴുത്ത് ഇഷ്ടമായി..ആശംസകള്‍.

    ReplyDelete