Monday 18 May 2015

നീര്‍ച്ചാലുകള്‍

തോടിന്റെ അരികുപിടിച്ചുപോയാല്‍ എളുപ്പം എത്താമെന്ന് അയാള്‍ പറഞ്ഞു. സുഹൃത്ത് അതിന് എതിരായിരുന്നു. കാരണങ്ങള്‍ പലതായിരുന്നു. കൃത്യമായ ഒരു നടപ്പാതപോലും കാണാനില്ല. തോടുതന്നെ സ്ട്രെയ്റ്റ് ആയിട്ടല്ല പോകുന്നത്. കുറേചെല്ലുമ്പോള്‍ എതിര്‍ദിശയിലേക്ക് ഒഴുകിയെന്നുവരാം. നേരം അസ്തമിക്കാറാകുന്നു. കരയിലുള്ള പൊന്തക്കാടുകള്‍ തടസ്സങ്ങള്‍ സൃഷ്ടിക്കും. ധാരാളം വേലികളുമുണ്ട്. പലതും തോട്ടിലേക്ക് ഇറക്കിക്കെട്ടിയിരിക്കുന്നു. ദൂരം കൂടുതലാകാമെങ്കിലും നമുക്ക് ചെങ്കല്‍പ്പാതയിലൂടെ തന്നെപോകാം. തെറ്റിയാല്‍ ചോദിക്കാന്‍ വഴിയില്‍ ആരെങ്കിലും കാണും.

ശരിയായിരുന്നു. അയാള്‍ തോട്ടിലെ വരാല്‍ കുഞ്ഞുങ്ങളെത്തന്നെ നോക്കിനിന്നു. തള്ളയ്ക്കുചുറ്റും നൂറുണക്കിന് ചുവന്നമുത്തുകള്‍ തെന്നിത്തെന്നി കളിക്കുന്നു.

അധികം വെള്ളം തോട്ടിലുണ്ടായിരുന്നില്ല. വലിയ ആഴമോ വീതിയോ ഇല്ല. അടിയില്‍ ചെളിയില്ലെന്ന് തെളിമ കണ്ടാലറിയാം. ഇരുളു പരന്നു തുടങ്ങിയെങ്കിലും വെള്ളം തിളങ്ങിക്കൊണ്ട് അലസമായി ഒഴുകി.

ഇത്തരത്തിലുള്ള നീര്‍ച്ചാലുകള്‍ ഇപ്പോള്‍ വറ്റിപ്പോയിരിക്കുന്നു.

എന്തുകൊണ്ടും പ്രസന്നമായ ഒരു ദിവസത്തിന്റെ അവസാനമായിരുന്നു അത്. ദിവസം മുഴുവന്‍ അലഞ്ഞതിന്റെ ക്ഷീണംതീര്‍ക്കാന്‍ കൂട്ടുകാര്‍ തോട്ടിലിറങ്ങി. വരാല്‍ കുഞ്ഞുങ്ങളോടൊപ്പം അവര്‍ നീന്തി. സുഹൃത്ത് സങ്കല്‍പ്പിച്ചത്ര വളവുകളോ ദിശാവ്യതിയനങ്ങളോ ഉണ്ടായിരുന്നില്ല. ജലത്തിന്റെ നേര്‍ത്ത കുളിരില്‍ അവര്‍ ലക്ഷ്യസ്ഥാനത്തേക്ക് ഒഴുകിപ്പോയി.

കടവിലെത്തുമ്പോള്‍ ഇരുട്ടു പരന്നിരുന്നു. നക്ഷത്രങ്ങള്‍ തെളിഞ്ഞു കത്തി. ചന്ദ്രനുദിക്കാന്‍ ഇനിയും നേരമുണ്ട്. ആളൊഴിഞ്ഞ കടവില്‍ പ്രൊഫസര്‍ എം.എന്‍. വിജയന്‍ തനിച്ചിരിക്കുന്നുണ്ടായിരുന്നു. അരികില്‍ തെളിനീര്‍ നിറച്ച കുടവുമുണ്ട്. പരസ്പരം കണ്ടപ്പോള്‍ ഇരുകൂട്ടരും ഉഷാറായി. സംസാരിച്ച് പിരിയുമ്പോള്‍ വല്ലാതെ ഇരുട്ടി. കുടം വീടുവരെ എത്തിക്കാമെന്ന് അവര്‍ സാദരം പറഞ്ഞു. മാഷ് ചിരിച്ചു.

അതേ ചിരി.

ചൂട്ടുകത്തിച്ച് കുടവുമേന്തി ഇരുളില്‍ അദ്ദേഹം മറഞ്ഞു. ചന്ദ്രനുദിക്കുന്നതും കാത്ത് കടവില്‍ കൂട്ടുകാര്‍ തനിച്ചിരുന്നു. തോട്ടിലെ വെള്ളത്തില്‍ നക്ഷത്രത്തരികള്‍ വീണ് ചിതറി. നേരം വെളുക്കുമ്പോള്‍ അവ ചുവന്ന വരാല്‍ കുഞ്ഞുങ്ങളായിത്തീരുമെന്ന് അവര്‍ ആശിച്ചു.


3 comments:

  1. ഈ പരിശ്രമം തുടരുമല്ലോ. ആശംസകൾ. സന്തോഷം

    ReplyDelete
  2. വായിക്കാന്‍ കുറച്ചുപേര്‍ (വളരെ കുറച്ച് !) ഉണ്ടെന്നുള്ളത് ആഹ്ലാദകരം തന്നെ. നന്ദി ബഷീര്‍.

    ReplyDelete
  3. Nannaayi..aazhavum puthumayum....thanks****Basheer Mechery.

    ReplyDelete